മോൺസിഞ്ഞോർ ജോര്‍ജ്ജ് പനംതുണ്ടിൽ റമ്പാൻ ആര്‍ച്ചുബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു

ഖസാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായ മലങ്കര സുറിയാനി കത്തോലിക്കാ സഭ വൈദികൻ മോൺസിഞ്ഞോർ. ഡോ. ജോര്‍ജ്ജ് പനംതുണ്ടിൽ റമ്പാന്റെ മെത്രാഭിഷേക ശുശ്രുഷ 2023 സെപ്റ്റംബര്‍ 9 -ന്  റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിൻന്റെ  മുഖ്യകാർമ്മികത്വത്തിലും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവായുടെയും കൊളംബിയൻ കര്‍ദ്ദിനാള്‍ റൂബൻ സലാസർ ഗോമസിന്റെയും  സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടു. ലത്തീൻ ക്രമത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേ  കര്‍ദ്ദിനാള്‍ പിയത്രോ പരോളിൻന്റെയും മോറാൻ മോർ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവായുടെയും കൈവെപ്പിലൂടെയാണ് മോൺസിഞ്ഞോർ ജോര്‍ജ്ജ് പനംതുണ്ടിൽ റമ്പാൻ ആര്‍ച്ചുബിഷപ്പ്  സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതു.

മെത്രാഭിഷേക ശുശ്രുഷയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പിതാക്കന്മാരായ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപൊലീത്ത, അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപൊലീത്ത, അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപൊലീത്ത, അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപൊലീത്ത, അഭിവന്ദ്യ എബ്രഹാം മാർ യൂലിയോസ്‌ മെത്രാപൊലീത്ത എന്നിവരും മറ്റു പിതാക്കന്മാരും ബഹുമാനപെട്ട വൈദികരും, സന്യസ്തരും, അൽമായരും ശുശ്രുഷകളിൽ പങ്കെടുത്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്ന് വത്തിക്കാന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് ആര്‍ച്ചുബിഷപ്പ്  ജോര്‍ജ്ജ് പനംതുണ്ടിൽ.

LEAVE A COMMENT