നിയുക്ത ആര്‍ച്ചുബിഷപ്പ് മോൺസിഞ്ഞോർ. ജോര്‍ജ്ജ് പനംതുണ്ടിൽ റമ്പാൻ സ്ഥാനം സ്വീകരിച്ചു
- By Admin --
- 19-08-2023 05:42 PM --
ഖസാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായിരിക്കുന്ന നിയുക്ത ആര്‍ച്ചുബിഷപ്പ് മോൺസിഞ്ഞോർ. ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിന്റെ റമ്പാൻ സ്ഥാനശുശ്രുഷ 2023 ഓഗസ്റ്റ് 19 -ന് പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലില്‍ വച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും അഭിവന്ദ്യ പിതാക്കൻമാരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടു.
ആര്‍ച്ചുബിഷപ്പ് എമിരിത്തൂസ് അഭിവന്ദ്യ മാർ ജോർജ് കോച്ചേരി പിതാവ് അഭിനവ ജോര്‍ജ്ജ് പനംതുണ്ടിൽ റമ്പാന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബഹുമാനപെട്ട വൈദികരും, സന്യസ്തരും, അൽമായരും ശുശ്രുഷകളിൽ പങ്കെടുത്തു. വന്ദ്യ പനംതുണ്ടിൽ റമ്പാന്റെ മെത്രാഭിഷേക ശുശ്രുഷ 2023 സെപ്റ്റംബര്‍ 9 -ന് റോമില്‍ നടത്തപ്പെടും. മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്ന് വത്തിക്കാന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് വന്ദ്യ ജോര്‍ജ്ജ് പനംതുണ്ടിൽ റമ്പാൻ.