
ശ്രേഷ്ഠ കാതോലിക്കാ മോറാൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ സ്ഥാനമേറ്റു
- By Admin --
- 27-03-2025 12:36 PM --
ബെയ്റൂട്ട് (ലബനന്): യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിച്ചു.
അന്ത്യോഖ്യാ സഭാ പാരമ്പര്യമനുസരിച്ച് അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് ജോസഫ് ബാവാ എന്നപേരിൽ അറിയപ്പെടും. സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് കാതോലിക്കായെ വാഴിക്കുന്ന ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിച്ചത്.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയാ ര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കാ കത്തീഡ്രലിൽ ഇന്നലെയായിരുന്നു കാതോലിക്കാ വാഴിക്കൽ ചടങ്ങുകൾ നടന്നത്. തുടർന്ന് പാത്രിയാ ര്‍ക്കീസ് ബാവാ കാതോലിക്കായെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
സഭയിലെ വിവിധ മേലധ്യക്ഷന്മാര് സഹകാര്‍മികരായിരുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയും ഇതര സഭകളിലെ മേലധ്യക്ഷന്മാരും പുരോഹിതരും ഇന്ത്യയിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും നൂറുകണക്കിന് വിശ്വാസികളും ശ്രേഷ്ഠ കാതോലിക്കായുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.