സി കേശവൻ പുരസ്കാരം അഭിവന്ദ്യ കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക്.
- By Admin --
- 19-07-2023 02:33 PM --
തിരു-കൊച്ചി മുൻ മുഖ്യമന്ത്രിയും, സാമൂഹിക പരിഷ്കർത്താവും, എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി. കേശവൻ അവർഗളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2023 വർഷത്തെ പുരസ്കാരതിനു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, തിരുവനന്തപുരം മേജർ അതിഭദ്രസനത്തിന്റെ അധ്യക്ഷനും കേരള കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ അധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അർഹനായി.
മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി അഭിവന്ദ്യ കാതോലിക്ക ബാവ നൽകിയ സമഗ്രസേവനങ്ങൾ പരിഗണിച്ചുമാണ് ഡോ. വി. കെ ജയകുമാർ ചെയർമാനും ഷാജി മാധവൻ, പി. എസ് അമൽരാജ് എന്നിവർ അംഗങ്ങളായ നിർണയ സമിതി പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 25,001 രൂപയും, ശിൽപവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് രണ്ടാംവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സി. കേശവൻ സ്മാരക സമിതി ഭാരവാഹികൾ അറിയിച്ചു.