പാറശ്ശാല ഭദ്രാസന കത്തീഡ്രൽ കൂദാശ ചെയ്തു

പാറശ്ശാല ഭദ്രാസനത്തിന്റെ കത്തീഡ്രൽ ദൈവാലയം 2020 ഡിസംബർ 26 -ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കൂദാശ ചെയ്തു. കോട്ടവിള സെൻറ് മേരീസ് ദേവാലയം 2017 ഓഗസ്റ്റ് അഞ്ചിന് പാറശാല ഭദ്രാസനം രൂപീകൃതമായതോടുകൂടിയാണ് കത്തീഡ്രലായി ഉയർത്തപ്പെട്ടത്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിലാണ് ദൈവാലയ മൂറോൻ കൂദാശ നടന്നത്. പാറശ്ശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബത്തേരി ഭദ്രാസന അദ്ധ്യക്ഷൻ ജോസഫ് മാർ തോമസ്, പത്തനംതിട്ട ഭദ്രാസനഅദ്ധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ്, മാർത്താണ്ഡo ഭദ്രാസന അദ്ധ്യക്ഷൻ വിൻസെൻറ് മാർ പൗലോസ്, മൂവാറ്റുപുഴ ഭദ്രാസനഅദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ്, പത്തനംതിട്ട മുൻ ഭദ്രാസനഅധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ വിൻസെൻറ് സാമുവേൽ എന്നിവർ സഹകാർമികരുമായിരുന്നു.

വൈദികർ, സന്യസ്തർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഇടവകകളിലെ പ്രത്യേക പ്രതിനിധികൾ തുടങ്ങിയവർ കോവിഡ് 19 മാനദണ്ഡങ്ങൾക്ക് വിധേയമായി കൂദാശയിൽ പങ്കെടുത്തു. രാവിലെ 9 മണിക്ക് ഭദ്രാസനാധ്യക്ഷൻ വിശുദ്ധ കുർബാന അർപ്പിച്ചു. പറശ്ശാല ഭദ്രാസന വികാരി ജനറൽ മോൺ. ജോസ് കോണത്തുവിള, ചാൻസിലർ റവ. ഫാ. ഹോർമിസ് പുത്തൻവീട്ടിൽ, റവ. ഫാ. ബർണാഡ് വലിയവിള, ഇടവക വികാരി റവ. ഫാ. സെബാസ്റ്റ്യൻ കണ്ണന്താനം, വിവിധ കമ്മറ്റിയംഗങ്ങൾ എന്നിവർ കൂദാശാ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A COMMENT