പുനരൈക്യ വാർഷികവും സഭാസംഗമവും സമാപിച്ചു
- By Admin --
- 22-09-2023 04:02 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 93 -മത് പുനരൈക്യ വാർഷികവും സഭാസംഗമവും 2023 സെപ്റ്റംബർ 20, 21 തിയ്യതികളിൽ മുവാറ്റുപുഴ ഭദ്രാസനത്തിൽ വച്ച് നടത്തപ്പെട്ടു. സെപ്റ്റംബർ 20 ബുധൻ വൈകിട്ട് 3.00 ന് വൈദീകമന്ദിര കൂദാശയും, 5.30 ന് പുനരൈക്യവിളംബര യാത്രയും സ്വീകരണവും തുടർന്നു 6.00 ന് സുവിശേഷ സന്ധ്യയും നടത്തപ്പെട്ടു.
സെപ്റ്റംബർ 21 വ്യാഴം രാവിലെ 8.00 ന് പ്രഭാതനമസ്കാരവും 8.30 ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെയും, ബഹുമാനപെട്ട വൈദീകരുടെയും സഹകാർമ്മികത്വത്തിലും വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ പുനരൈക്യ സന്ദേശവും, കോഴിക്കോട് രൂപതാധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് വചനസന്ദേശവും നൽകി.
ഉച്ചയ്ക്ക് 1.00 ന് സഭയുടെ വിവിധ സംഘടനകളുടെ സമ്മേളനം കോതമംഗലം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മടത്തിക്കണ്ടത്തിൽ പിതാവ് ഉദ്ഘാടനം ചെയ്തു. 3.00 ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സുവിശേഷ സംഘത്തിന്റെ പ്രാർത്ഥന ശുശ്രുഷയും നടത്തപ്പെട്ടു. 3.45 ന് സമാപന ആശീർവാദത്തോടെ പുനരൈക്യ വാർഷികവും സഭാസംഗമവും സമാപിചു. സമാപന വേളയിൽ അടുത്ത വർഷം 94 -മത് പുനരൈക്യ വാർഷികവും സഭാസംഗമവും നടത്തപ്പെടുന്നത് പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ ആയിരിക്കുമെന്ന് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ പാറശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപൊലീത്തായ്ക്ക് കാതോലിക്കാ പതാക നൽകികൊണ്ട് പ്രഖ്യാപിച്ചു.