എം.സി.വൈ.എം സുവർണ്ണ ജൂബിലി കുരിശ് പ്രയാണം
- By Catholicate --
- 06-01-2023 02:05 PM --
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ എം.സി.വൈ.എം.ന്റെ സുവർണ്ണ ജുബിലീ സമാപന ആഘോഷങ്ങൾ ജനുവരിയിൽ മാവേലിക്കരയിൽ വച്ച് നടത്തപ്പെടുന്നു. 1968-ൽ ആരംഭിച്ച പ്രസ്ഥാനം 5 പതിറ്റാണ്ട് പിന്നിടുകയാണ്. വിവിധ ഭദ്രാസന മിഷൻ മേഖലകളിലുടെ കടന്നു പോകുന്ന ജൂബിലി കുരിശ് പ്രയാണം 2018 ഒക്ടോബർ 27-)൦ തിയതി ഡൽഹി-ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അഹമ്മദാബാദിൽ നിന്നും ആരംഭിക്കും. ഡൽഹി-ഗുഡ്ഗാവ് ഭദ്രാസന അധിപൻ ബിഷപ്പ് ജേക്കബ് മാർ ബർണബാസ് ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് പൂനൈ, പുത്തൂർ, ബത്തേരി, മുവാറ്റുപുഴ, തിരുവല്ല എന്നീ ഭദ്രാസനങ്ങളിലൂടെ കടന്ന് മാവേലിക്കരയിൽ എത്തിച്ചേരുന്നു.
തെക്കൻ മേഖലയിൽ നിന്ന് ആരംഭിക്കുന്ന പ്രയാണം 27-ന് മാർത്താണ്ഡം ഭദ്രാസനത്തിൽ നിന്നും ആരംഭിക്കുന്നു. യൂത്ത് കമ്മീഷൻ ചെയർമാനും, മാർത്താണ്ഡം ഭദ്രാസന അധ്യക്ഷനുമായ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് തിരുമേനി പ്രയാണം ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് പാറശ്ശാല, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ഭദ്രാസനങ്ങളിലൂടെ മാവേലിക്കരയിൽ എത്തിച്ചേരുന്നു. അമേരിക്ക ഭദ്രാസനം, യുറോപ്പ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും പ്രയാണങ്ങൾ ഇതോടൊപ്പം നടക്കും. ജനുവരി 20- ന് പ്രയാണങ്ങളുടെ സംഗമവും സമാപന ആഘോഷങ്ങളും മാവേലിക്കരയിൽ നടക്കും.
MCYM സഭാതല ഡയറക്ടർ സെബാസ്റ്റ്യൻ കിഴക്കേതിൽ, പ്രസിഡന്റ് ടിനു കുര്യാക്കോസ്, ജനറൽ സെക്രട്ടറി സാൻ ബേബി, ആനിമേറ്റർ V.C. ജോർജ്കുട്ടി, മറ്റു സഭാതല സമിതി, ഭദ്രാസന ഭാരവാഹികൾ എന്നിവർ ജുബിലീ കുരിശ് പ്രയാണങ്ങൾക് നേതൃത്വം നൽകും.