മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി
- By Admin --
- 24-08-2026 11:07 AM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി 2026 ഓഗസ്റ്റ് 22 -ന് ആഘോഷിച്ചു. പട്ടം സെന്റ് മേരിസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് അത്യഭിവന്ധ്യ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ സഭാ പാത്രിയാർക്കീസ് പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് ജോസഫ് III യൗനാൻ ബാവയുടെയും, മറ്റ് അഭിവന്ദ്യ പിതാക്കന്മാരുടെയും, വൈദികരുടെയും സഹകാർമ്മികത്വത്തിലും അർപ്പിച്ച പരിശുദ്ധ കുർബാനയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. അത്യാഭിവന്ദ്യ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകി. തുടർന്ന് കെ. സി. ബി. സി പ്രസിഡന്റ് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് അധ്യക്ഷനായിരുന്ന അനുമോദന സമ്മേളനം കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഉത്‌ഘാടനം ചെയ്തു. മേഘാലയ മുഖ്യമന്ത്രി ശ്രീ. കോൺറാഡ് സാങ്മ മുഖ്യാഥിതിയായിരുന്നു. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ സഭാ പാത്രിയാർക്കീസ് പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് ജോസഫ് III യൗനാൻ ബാവ അനുഗ്രഹ സന്ദേശം നൽകി. കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപി, ആരോഗ്യവകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ, ഏഷ്യൻ ബിഷൊപ്സ് കോൺഫറൻസ് പ്രസിഡന്റ് അത്യാഭിവന്ധ്യ കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ, മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ട്ട കത്തോലിക്ക അഭിവന്ദ്യ ബസേലിയോസ് ജോസഫ് ബാവ തിരുമേനി, മലങ്കര മാർത്തോമാ സഭയുടെ മെത്രാപോലിത്ത അഭിവന്ദ്യ തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, പദ്മശ്രീ എം. എ. യൂസഫ് അലി, പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്, തിരുവനന്തപുരം എം. പി. ശ്രീ. ശശി തരൂർ, ശ്രീ. കെ. എൻ. ബാലഗോപാൽ എം. എൽ. എ, ത്രിരുവനന്തപുരം മയൂർ ശ്രീ. വി. വി. രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ സാമൂഹിക സംസ്കാരിക രാഷ്ട്രീയ നേതാക്കൾ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.