ജറുസലേമിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ മിഷന് തുടക്കമായി
- By Admin --
- 28-09-2026 08:17 AM --
ജറുസലേമിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ മിഷന് തുടക്കമായി
ജറുസലേം: ഇസ്രായലിൽ വിവിധ സ്ഥലങ്ങളിലായി പാർക്കുന്ന പ്രവാസികളായ മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങൾക്കായി സെന്റ്. ജോൺ ക്രിസോസ്റ്റം മലങ്കര സുറിയാനി കത്തോലിക്കാ മിഷൻ ആരംഭിച്ചു. സുറിയാനി കത്തോലിക്കാ പാത്രിയാർക്കിസിന്റെ കീഴിലുള്ള ജറുസലേമിലെ സെന്റ് തോമസ് കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് അത്യഭിവന്ദ്യ കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മിഷൻ ഉദ്ഘാടനം ചെയ്തു. യേശു ക്രിസ്തുവിന്റെ രക്ഷാകര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച വിശുദ്ധ നാട്ടിൽ സഭയ്ക്ക് ഇപ്രകാരം ഒരു മിഷൻ കേന്ദ്രം ഉണ്ടാവുക എന്നത് അനുഗ്രഹവും അഭിമാനകരവും ആണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മറ്റ് ഏത് കേന്ദ്രത്തിൽ നിന്നും വ്യത്യസ്തമായി ജറുസലേമിലെ സഭയുടെ മിഷൻ കൂടുതൽ പ്രാധാന്യമുളളതും ക്രിസ്തീയ ജീവിതത്തിനും സഭാ ജീവിതത്തിനും ഊർജ്ജം പകരുന്നതും ആണെന്ന് അത്യഭിവന്ദ്യ ബാവാ തിരുമേനി സൂചിപ്പിച്ചു. ഫാ.സെബാസ്റ്റ്യൻ കുന്നുംപുറത്താണ് പുതിയ മിഷന്റെ ചാപ്ലെയ്ൻ . ചടങ്ങിൽ മേൽക്കൈയ്റ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ജറുസലേമിലെ പേട്രിയാർക്കൽ വികാർ ആർച്ച് ബിഷപ്പ് യാസർ അൽ അയാഷ് മെത്രാപ്പോലീത്ത , സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ.ഫാ. യൗനാൻ, സിറിയൻ ഓർത്തഡോക്സ് സഭയിലെ റവ. പോൾ റമ്പാൻ , ഫാ. ബ്ലെസി ഇസ്രായേൽ മലയാളം കമ്യൂണിറ്റി പ്രതിനിധി ശ്രീമതി ഷൈനി ബാബു മലങ്കര കാത്തലിക്ക് മിഷൻ പ്രതിനിധി ശ്രീമതി മഞ്ചു എന്നിവർ പ്രസംഗിച്ചു.നേരത്തേ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ സമൂഹബലി നടന്നു. 15 ഓളം വൈദീകർ സഹ കാർമ്മികർ ആയിരുന്നു. ഇന്ത്യയിൽ നിന്നും എത്തി ചേർന്ന മലങ്കര കത്തോലിക്കാ സഭയുടെ തീർത്ഥാടക സംഘം ഉൾപ്പടെ നൂറോളം പേർ ശുശ്രൂഷകളിൽ പങ്കെടുത്തു.