ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 32-ാമത് ഓർമ്മപ്പെരുന്നാളിന് തുടക്കമായി
- By Admin --
- 19-10-2026 10:54 AM --
ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 32-ാമത് ഓർമ്മപ്പെരുന്നാളിന് തുടക്കമായി
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ മേൽഅധ്യക്ഷനായിരുന്ന ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 32-ാമത് ഓർമ്മപ്പെരുന്നാൾ 2026 ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് എം.സി.എയുടെ നേതൃത്വത്തിൽ നാലാഞ്ചിറ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ നിന്നും പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിലേക്ക് നടത്തിയ ശാന്തിയാത്രയോടെ തുടക്കമായി.
തുടർന്ന് വൈകുന്നേരം 6.00 മണിക്ക് നടന്ന സന്ധ്യാനമസ്കാരത്തിനും കബറിങ്കൽ നടന്ന ധൂപപ്രാർത്ഥനയ്ക്കും പത്തനംതിട്ട രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് തിരുമേനി, തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ യൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്കോപ്പ എന്നിവർ കാർമ്മികത്വം വഹിച്ചു.
നാളെ 2026 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 6.30-ന് പ്രഭാത നമസ്കാരവും വിശുദ്ധ സമൂഹബലിയും തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.