മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ എപ്പിസ്‌ക്കോപ്പാമാർ
- By Catholicate --
- 06-01-2023 04:06 PM --
ജൂലൈ 15, വെള്ളിയാഴ്ച തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍, തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്‍റെ സഹായമെത്രാനായി അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ് എപ്പിസ്‌ക്കോപ്പായെയും മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയായുടെ മെത്രാനായി അഭിവന്ദ്യ ഡോ. ആന്‍റണി മാര്‍ സില്‍വാനോസ് എപ്പിസ്‌ക്കോപ്പായെയും അഭിഷേകം ചെയ്തു. രാവിലെ 8 മണിക്ക് വിശിഷ്ടാതിഥികള്‍ക്ക് ആരാധനാപരമായ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന മെത്രാഭിഷേക ശുശ്രൂഷയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. ശുശ്രൂഷകള്‍ക്ക് സഭയിലെ മറ്റ് പിതാക്കന്മാര്‍ സഹകാര്‍മികരുമായിരുന്നു. മെത്രാഭിഷേക ശുശ്രൂഷയില്‍ പാലാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അഭിവന്ദ്യ ആർച്ച്ബിഷപ് ലിയോപോല്‍ദോ ജിറേല്ലി ആശംസകൾ അറിയിച്ചു സംസാരിച്ചു. പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യാക്കോബായ സഭാ മെത്രാപ്പോലിത്തന്‍ ട്രസ്റ്റി അഭിവന്ദ്യ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്താ, മാര്‍ത്തോമ്മാ സഭയുടെ സഫ്രഗണ്‍ മെത്രാപ്പോലിത്താ ജോസഫ് മാര്‍ ബര്‍ണബാസ്, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്‍റ് ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, തിരുവനന്തപുരം മലങ്കര ഓര്‍ത്തഡോക്സ് ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്താ, ഓര്‍ത്തഡോക്സ് സഭ ചെന്നൈ ഭദ്രാസനാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ദിയോസ്കോറസ് മന്ത്രിമാരായ ശ്രീ. റോഷി അഗസ്റ്റിന്‍, ശ്രീ. കെ.എന്‍. ബാലഗോപാല്‍, ശ്രീ. എം.വി. ഗോവിന്ദന്‍, ശ്രീ. ജി. ആര്‍ അനില്‍, ശ്രീ. ആന്‍റണി രാജു, മുന്‍ കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് ശ്രീ, വി.ഡി. സതീശന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ശ്രീ. ഇ.പി. ജയരാജന്‍, മറ്റ് എം.പി.മാര്‍ തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹ്യ-മത നേതാക്കന്മാര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. സീറോ- മലബാർ, ലത്തീൻ സഭകളിലെ ആർച്ബിഷപ്പുമാരും മെത്രാന്മാരും ശുശ്രൂഷയിൽ പങ്കെടുത്തു.