മതാന്തരസംവാദ ഡിക്കസ്റ്ററി പ്രീഫെക്റ്റായി കർദിനാൾ മാർ ജോർജ് കൂവക്കാട്

വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദിനാൾ മാർ ജോർജ് കൂവക്കാടിനെ 2025 ജനുവരി 24 -ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. അതേസമയം മാർപാപ്പായുടെ വിദേശയാത്രയുടെ ചുമതലകളും അദ്ദേഹം തുടർന്ന് വഹിക്കും.
പരിശുദ്ധ പിതാവിന്റെ മാർഗനിർദേശത്തിലും, തനിക്കു മുമ്പുള്ളവർ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാർദ്ദ പാതയിലും ആശ്രയിച്ചുകൊണ്ട്, എല്ലാവരുടെയും പ്രാർത്ഥനകളുടെ പിന്തുണയോടെ താൻ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു കർദിനാൾ പ്രതികരിച്ചു. തന്റെ അപര്യാപ്തതകൾക്കിടയിലും, മതങ്ങൾക്കിടയിലുള്ള ഒരു സൗഹൃദം സ്വപ്നം കാണുന്ന, ജനതകൾക്കിടയിൽ സമാധാനത്തോടെയുള്ള സഹവർത്തിത്വം ആഗ്രഹിക്കുന്ന ആളുകളുടെ പ്രാർത്ഥനകളും, ഡിക്കസ്റ്ററിയിൽ  തന്റെ സഹപ്രവർത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്നും കർദിനാൾ പങ്കുവച്ചു.
 

LEAVE A COMMENT