ഓർമ്മപ്പെരുന്നാളും മെത്രാഭിഷേക ശുശ്രൂഷയും

ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് പിതാവിൻ്റെ 69-)മത് ഓർമ്മപ്പെരുന്നാളും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നിയുക്ത സഹായമെത്രാൻ വന്ദ്യ മാത്യൂ മനക്കരകാവിൽ റമ്പാന്റെയും മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയായുടെ നിയുക്ത മെത്രാൻ വന്ദ്യ ആന്റണി കാക്കനാട്ട് റമ്പാന്റെയും മെത്രാഭിഷേക ശുശ്രൂഷയും 2022 ജൂലൈ 15-ന് തിരുവനന്തപുരം, പട്ടം സെൻ്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിൽ നടത്തപ്പെടുന്നു. രാവിലെ 8  മണിക്ക് അഭിവന്ദ്യ പിതാക്കന്മാർക്കും വിശിഷ്ട അതിഥികൾക്കും സ്വീകരണവും പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ കുർബാനയും മെത്രാഭിഷേക ശുശ്രൂഷകളും നടത്തപ്പെടും. ശുശ്രൂഷകൾക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദീനാൾ ക്ളീമിസ് കതോലിക്കാ ബാവ മുഖ്യ കാർമികത്വവും സഭയിലെ മറ്റ്  പിതാക്കന്മാർ സഹകാർമികരുമായിരിക്കും. പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ്  കല്ലറങ്ങാട്ട് വചനസന്ദേശം നൽകും. വി. കുർബാനയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ സീറോ മലബാർ സഭാധ്യക്ഷൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ നെറ്റോ എന്നിവർ ആശംസകൾ അർപ്പിക്കും.

LEAVE A COMMENT