
സഭൈക്യവാരപ്രാർത്ഥന സമാപനം
- By Admin --
- 26-01-2025 01:34 PM --
വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുന്നാളിനോടനുബന്ധിച്ച് സഭൈക്യവാരപ്രാർത്ഥന സമാപിച്ചു. “ഇതു നീ വിശ്വസിക്കുന്നുവോ” എന്ന ചോദ്യമാണ് ഇക്കൊല്ലത്തെ ക്രൈസ്തവൈക്യ അഷ്ടദിന പ്രാർത്ഥനയുടെ വിചിന്തന പ്രമേയം. വിശുദ്ധ പൗലോസിൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25 -ന് റോമൻ ചുമരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ ഈ ക്രൈസ്തവൈക്യ പ്രാർത്ഥനാവാരത്തിൻറെ സമാപനം കുറിക്കുന്ന സായാഹ്നപ്രാർത്ഥന നയിച്ചു. കേരള കത്തോലിക്ക ബിഷപ്പ് കൗൺസിലിന്റെയും കേരള കൗൺസിൽ ഓഫ് ചർച്ചിന്റെയും നേതൃത്വത്തിൽ 2025 ജനുവരി 18 മുതൽ ആരംഭിച്ച സഭൈക്യവാരദിന സമാപനം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആതിഥേയത്വത്തിൽ ജനുവരി 25 -ന് സഭയുടെ ആസ്ഥാനകാര്യാലയമായ തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ് സെന്ററിൽ ക്രമീകരിച്ചു. തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് എപ്പിസ്കോപ്പ മീറ്റിംഗ് ഉത്‌ഘാടനം ചെയ്തു. കേരള കൗൺസിൽ ഓഫ് ചർച്ച് പ്രസിഡന്റ് അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപോലിത്ത, ബിലീവേഴ്‌സ് ചർച്ച് നിരണം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനുസ് തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
വിവിധ സഭകളിലെ വൈദികർ, സന്യസ്തർ, അല്മയർ എന്നിവർ പ്രാർത്ഥനയിൽ സംബന്ധിച്ചു. ക്രമീകരണങ്ങൾക്ക് കെ.സി.ബി.സി ഡയലോഗ് ആൻഡ് എക്ക്യൂമെനിസം സെക്രട്ടറി ഫാ. ഡാനിയേൽ ബഥേൽ നേതൃത്വം വഹിച്ചു.