2027ലെ ലോക യുവജനസംഗമത്തിന് സൗത്ത് കൊറിയയിലെ സിയൂൾ ആതിഥേയത്വം വഹിക്കും
- By Admin --
- 09-08-2023 09:04 PM --
2027ൽ നടക്കാനിരിക്കുന്ന അടുത്ത ലോക യുവജന സംഗമത്തിനു ഏഷ്യൻ രാജ്യമായ സൗത്ത് കൊറിയയിലെ സിയൂൾ നഗരം ആതിഥേയത്വം വഹിക്കും. ലിസ്ബണിൽ 2023 ഓഗസ്റ്റ് 1 -6 വരെ നടന്ന യുവജന സംഗമത്തിന്റെ സമാപന ദിവ്യബലിക്കുശേഷമുള്ള ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ് ഫ്രാൻസിസ് മാർപാപ്പാ അടുത്ത ലോക യുവജന സംഗമത്തിന്റെ വർഷവും വേദിയും പ്രഖ്യാപിച്ചത്.
സഭയുടെ സാർവത്രികത പ്രകടമാക്കിക്കൊണ്ട് യൂറോപ്പിന്റെ പടിഞ്ഞാറൻ ചുറ്റളവിൽനിന്ന് വിദൂരമായ കിഴക്ക് ഭാഗത്തേക്ക് ലോക യുവജന സംഗമം നീങ്ങുമെന്ന വാക്കുകളോടെയാണ് പാപ്പയിൽനിന്ന് ഈ പ്രഖ്യാപനം ഉണ്ടായത്.
ഹർഷാരവത്തോടെയും ആർപ്പവിളികളോടുംകൂടെയാണ് ലോക യുവജനങ്ങൾ മാർപാപ്പായുടെ ഈ പ്രഖ്യാപനത്തെ വരവേറ്റത്. തുടർന്നു ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വൈദികരുടെ അകമ്പടിയോടുകൂടെ ദക്ഷിണ കൊറിയൻ യുവജനങ്ങളുടെ പ്രതിനിധി സംഘം ദേശീയ പതാകയുമായി വേദിയിലെത്തിയതും ശ്രദ്ധേയമായി.