ബത്തേരി ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട ജോർജ് പൊക്കത്തായിൽ അച്ചൻ 2023 ഡിസംബർ 17 -ന് ഹൃദയസ്തംഭനം മൂലം നിര്യാതനായി. 40 വയസായിരുന്നു. 2010 ഏപ്രിൽ 4 -ന് ബത്തേരി ഭദ്രാസനത്തിനു വേണ്ടി ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ഗിവർഗീസ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. ഗുരുകുലം മൈനർ സെമിനാരി വൈസ് റെക്ടർ, എം. സി. എ ഭദ്രാസന ആത്മീയ ഉപദേഷ്ട്ടാവ്, ശ്രേയസ് മേഖല ഡയറക്ടർ, ഭദ്രാസന വൈദീക സമിതി അംഗം, വിവിധ ഇടവകകളിലെ വികാരി തുടങ്ങി ഭദ്രാസനത്തിലെ വിവിധ തലങ്ങളിൽ ബഹുമാനപ്പെട്ട അച്ചൻ ശുശ്രുഷ ചെയ്തിട്ടുണ്ട്. ചുങ്കത്തറ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ വികാരിയായി ശുശ്രുഷ ചെയിതു വരികെയാണ് ഹൃദയസ്തംഭനം മൂലം ദൈവസന്നിധിയിലേക്ക് യാത്രയായത്.
കബറടക്കശുശ്രുഷകൾ 2023 ഡിസംബർ 18 -ന് രാവിലെ 10.30 -ന് കേളകം ലിറ്റിൽ ഫ്ലവർ ദൈവാലയത്തിലും തുടർന്നു കബറടക്കം ബഹുമാനപ്പെട്ട അച്ചന്റെ മാതൃ ഇടവകയായ അടയ്ക്കാത്തോട് സെന്റ് ജോർജ് ദൈവാലയ സെമിത്തേരിയിലും നടത്തപ്പെടും. സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവയും, ബത്തേരി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തായും, പുത്തുർ ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഗിവർഗീസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായും കബറടക്കശുശ്രുഷകൾക്ക് നേതൃത്വം നൽകും.
ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
രാചാര്യൻമാർക്കേകുക പുണ്യം നാഥാ സ്തോത്രം.