ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോ 2023 ഒക്‌ടോബർ 4 -ന് ദിവംഗതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. അതിരൂപത നടത്തുന്ന കോൺസ്റ്റന്റ് ലീവ്‌സ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽവെച്ചായിരുന്നു അന്ത്യം എന്ന് റാഞ്ചി സഹായ മെത്രാൻ തിയോഡോർ മസ്‌കരനാസ് പറഞ്ഞു. നോർത്തേൺ മിഷൻ പ്രദേശത്തിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും, കർദ്ദിനാൾ കോളേജിൽ അംഗമാകുന്ന ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയായിരിന്നു കർദ്ദിനാൾ ടോപ്പോ.
2005-ലെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിൽ കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയും പങ്കെടുത്തിരിന്നു. 2004-ലും 2006-ലും രണ്ട് തവണ ഭാരതത്തിന്റെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിന്നു. 2001 മുതൽ 2004 വരെയും 2011 മുതൽ 2013 വരെയും ഇന്ത്യയിലെ ലത്തീൻ മെത്രാന്‍ സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.