കോർ എപ്പിസ്കോപ്പോ സ്ഥാനാരോഹണം
- By Admin --
- 14-08-2026 01:24 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ തിരുവനന്തപുരം മേജർ അതിഭദ്രാസന അംഗമായ ഫാ. പി. റ്റി. ജോർജ്ജ്, പത്തനംതിട്ട ഭദ്രാസന അംഗമായ ഫാ. സന്തോഷ് തോമസ് കോയിക്കൽ, ബത്തേരി ഭദ്രാസന അംഗമായ ഫാ. ഡോ. ലൂയിസ് ചരുവിള പുത്തൻവീട് എന്നിവരെ ഓഗസ്റ്റ് 13 -ന് കോർ എപ്പിസ്കോപ്പോ പദവിയിലേക്ക് ഉയർത്തി. ആത്മീയ നേതൃത്വത്തെയും സേവനങ്ങളെയും മുൻനിർത്തിയാണ് ഇവരെ ഈ പദവിയിലേക്ക് ഉയർത്തിയത്. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച്, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകൾ നടന്നത്.
ചടങ്ങിൽ ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത, പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ സാമൂവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, പാറശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത, മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ കുര്യാക്കോസ് മാർ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത, മലങ്കര സുറിയാനി കത്തോലിക്കാ സഭ കൂരിയാധ്യക്ഷൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ, തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭിവന്ദ്യ യൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്കോപ്പ, അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത എന്നിവർ സന്നിഹിതരായിരുന്നു.